സ്റ്റീം ബ്ളോക് ചെയിനിലെ പ്രിയ സുഹൃത്തുക്കളേ,
മലയാളം ഭാഷ കൈകാര്യം ചെയ്യാനറിയുന്നവർക്ക് ഒത്തുകൂടാനൊരിടം എന്ന നിലക്ക് 'Steem Malayalam' കമ്മ്യൂണിറ്റി നിർമിതമായിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. കമ്മ്യൂണിറ്റികളുടെ വരവോടെ സ്റ്റീം ബ്ളോക് ചെയ്നിലിതുവരെ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ചില ന്യൂനതകൾ പരിഹരിക്കപ്പെടുകയാണ്. അവയിലൊന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഏകാധിപത്യം.
സ്കൂൾ തലത്തിൽ മലയാളം ഒന്നാം ഭാഷയായി പഠിച്ചിട്ടുള്ള, ഇംഗ്ലീഷിനെ വെറുപ്പോടുകൂടിയല്ലാതെ കണ്ടിട്ടില്ലാത്ത ആളുകളാണ് നമ്മിൽ പലരും. കാലക്രമേണ ഈ വെറുപ്പ് ഒരുതരം ഭയമായി മാറുകയും, ഭയം ഒരു വ്യക്തിയുടെ സർഗാത്മകതയെ അശേഷം ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷയുടെ കടന്നുകയറ്റം നമ്മുടെയിടയിലെ ഒട്ടനവധി പ്രഗല്ഭരായ ആളുകളെ ശരാശരിക്കാരായി മുദ്ര കുത്താൻ കാരണമായിരിക്കുന്നു. സ്റ്റീമിറ്റ് പോലുള്ള ഉത്തരാധുനിക നവമാധ്യമങ്ങൾ ഇത്തരമാളുകളെ സംബന്ധിച്ചിടത്തോളം ബാലികേറാമലയാണ്.
കഴിഞ്ഞ രണ്ടു കൊല്ലത്തിലേറെ സജീവമായി സ്റ്റീമിറ്റ് ഉപയോഗിക്കുന്ന വ്യക്തിയെന്ന നിലയിൽ ഈ നവമാധ്യമത്തെ ശരിക്കും അടുത്തറിയാനെനിക്കായിട്ടുണ്ട്. അനന്തമായ സാധ്യതകൾ പതുങ്ങിയിരിക്കുന്ന സ്ഥലമാണിവിടം. ഇംഗ്ലീഷൊരു അജ്ഞാത ഭാഷയായി അനുഭവപ്പെടുന്നു എന്നത് കൊണ്ട് മാത്രം ഒരാൾക്കും അവസരം നിഷേധിക്കപ്പെട്ടുകൂടാ. നവമാധ്യമങ്ങളിലെ മലയാളികളുടെ സാന്നിധ്യം അമ്പരപ്പിക്കുന്നതാണെന്നതിൽ മറുവാക്കില്ല. അത്തരമൊരു ശക്തമായ മലയാളി സാന്നിധ്യം സ്റ്റീമിറ്റിൽ അത്യന്താപേക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
സ്റ്റീമിറ്റിൽ നിലവിൽ അക്കൗണ്ടുള്ള, മലയാളം കൈകാര്യം ചെയ്യാൻ കഴിവുള്ള ഏവരിലേക്കും ഈ വിവരം എത്തിച്ചേർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
നന്ദി!